Sunday, December 30, 2012

കടല്‍ കാണാന്‍ ഇറങ്ങുന്നത്


മാനത്ത് സൂര്യന്‍ കെട്ട് പോയ 
ഒരു ദിവസം 
നെറ്റിയിലെ 
മുക്കുറ്റിയുടെ കുറി  
മായ്ച്ചു കളഞ്ഞ്
മുടിയഴിച്ചിട്ട് 
പിന്‍വിളി കേള്‍ക്കാതെ 
അവള്‍ എന്നെ വിട്ടു പോയി;
പിന്നില്‍ ഉപ്പു തൂണായ ഞാന്‍ ! 

പ്രണയിച്ച ഗന്ധര്‍വനെ 
ഏതു നിമിഷവും കാണാതാകുമെന്നും 
നിന്‍റെ പ്രണയം പൂക്കുന്ന മിഴികള്‍ 
കാണാതിരിക്കുവാന്‍ വയ്യെന്നും 
ഭയന്നവള്‍ ഇന്നിതാ 
വിരഹസംഗീതത്തെ ശപിച്ചുകൊണ്ട്  
കടല്‍ കാണാനിറങ്ങുന്നു 

ചന്ദ്രനില്ല രാത്രിയില്‍!
ഇറങ്ങി നടന്ന ഞാന്‍ കണ്ണ് തെറ്റി, 
പൊട്ടക്കിണരില്‍ വീണു പോകുന്നു 
പാതാളത്തിലെ  വിരഹവേദന തന്‍ വിലാപം 
ചെവികളില്‍ വീണു പഴുക്കുന്നു.
മണ്ണിലേയ്ക്കു ചേര്‍ന്ന് കിടന്ന് 
ഞാന്‍ ഭൂമിയുടെ ഉപ്പാകും 
അപ്പോള്‍ 
എന്നെ പൂര്‍ണ്ണമായും നീ മറക്കുക

Sunday, October 7, 2012

മിനാ ! (ഡ്രാക്കുള പ്രഭുവിന് )


പ്രണയാതുരമായി,മിനാ 
നിന്നിലേയ്ക്ക് 
പിന്നെയും
വലിച്ചിഴയ്ക്കപ്പെടുകയാണ്
ഞാന്‍.
രക്ത ദാഹിയെന്ന്
മുദ്രകുത്തപ്പെട്ട,
ഭഗ്ന പ്രണയത്തിന്‍റെ
പ്രാക്തന ജീവന്‍;ഡ്രാക്കുള

ഈ കൊട്ടാരത്തിന്‍റെ
ചുവരുകള്‍ക്കുള്ളില്‍
ഇന്നും പൂക്കുന്ന
നമ്മുടെ പ്രണയം

നടക്കാവുകള്‍ക്കരുകില്‍
നിനക്കായി ഞാന്‍ നട്ട
പനിനീര്‍ച്ചെടികള്‍
ഇനിയും വാടിയിട്ടില്ല

നിന്‍റെ തപ്ത നിശ്വാസം
കുമിഞ്ഞു നില്‍ക്കുന്ന
നമ്മുടെ പൂമെത്ത

മരണത്തിലേയ്ക്ക്
സ്വതന്ത്രനാക്കാതെ
നീ എന്നെത്തളച്ചിടുന്ന
പ്രണയാഗ്നിതന്‍
കല്‍ത്തുറുങ്ക്

എന്റെതിനേക്കാള്‍
മൂര്‍ച്ച യുള്ള
നോട്ടമാണ്
നീയെനിക്ക്
എറിഞ്ഞു തന്നത്
ഇന്ന്, ഞാന്‍ നിന്നിലെയ്കെത്താന്‍
താണ്ടുകയാണീ
ചരല്‍പ്പാതകള്‍
ഘനനീലവനങ്ങള്‍
നീലത്തടാകങ്ങള്‍
ഭീതി തന്‍
കോട്ടകൊത്തളങ്ങള്‍ !

എന്‍റെ കൃഷ്ണമണികളില്‍
നൃത്തം ചെയ്യും
നിന്‍റെ പ്രണയത്തില്‍
കന്യാ വനങ്ങള്‍

ഹാ ! ഇതാ ഞാന്‍
ഈ കല്ലറത്തണുപ്പിനു
മുകളില്‍
നിന്നെ
വിവസ്ത്രയാക്കുന്നു
നിന്‍റെ ജ്വലന സൌഭഗം
നിലാവു ചുരത്തും രാത്രി !

എന്നെ ഉലച്ചുകളയുന്ന
കാമന;നിന്നോടിണ ചേരുവാന്‍
ഞാന്‍ നിന്നിലെയ്ക്ക് വരുന്നു
വെളുത്തുള്ളിയുടെ
ഗന്ധം പരക്കും രാത്രിയില്‍
ചെന്നായ്ക്കളും
കടവാതിലുകളും
കാവല്‍ നില്‍ക്കെ
എന്‍റെ പ്രിയേ
മിനാ,
എന്റേത് മാത്രമാവുക!

Friday, September 28, 2012

ഗൌരിയ്ക്ക് !



ഞങ്ങളുടെ ഗൌരിയായിരുന്നു. 
എപ്പോഴും ചിരിച്ച മുഖമായിരുന്നു.

കടലിലെ ലവണം പഞ്ചസാരയാണെന്നു
പറഞ്ഞ്, 
ടീച്ചറെ കളിയാക്കി,
സ്കൂള്‍ വിട്ടു പോരുമ്പോള്‍
അവന്‍  
നാലാം ക്ലാസില്‍ ആയിരുന്നു. 

പിന്നീട്,
പ്രവാസത്തിനിടയില്‍ 
കളിചിരികള്‍ കൊണ്ട് 
കൊടും വെയില്‍ വറ്റിച്ചിരുന്നവന്‍.

പേരില്‍ മാത്രമേ സ്ത്രൈണത 
ഉണ്ടായിരുന്നുള്ളൂ.

പല്ലുകാട്ടി , ശബ്ദമുണ്ടാക്കി 
തുറന്നു ചിരിക്കാന്‍ 
ഞങ്ങളെ പഠിപ്പിച്ചിരുന്നവന്‍ 

ഇന്ന്, ഞങ്ങളെയും 
ഈ ലോകത്തെയും 
വിട്ടു പോകുമ്പോള്‍ 
അവന്റെ പേര് 
ഗൌരി ശങ്കര്‍ ആയിരുന്നുവെന്ന് 
ഞാനോര്‍ക്കുന്നു,
ഉള്‍ക്കിടിലത്തോടെ ! 

അവന്‍ 
നല്ല ഒരു ആണ്‍കുട്ടിയായിരുന്നു !

അവന്റെ മരണവാര്‍ത്തയും 
കൊണ്ട് വന്ന ഒരു ഫോണ്‍ സന്ദേശം 
ഇപ്പോഴും എന്‍റെ ചെവികളെ 
മലിനമാക്കിക്കൊണ്ടിരിക്കുന്നു  ! 

അത് മനസ്സിനെ 
വല്ലാതെ  
ഉലച്ചു കൊണ്ടേയിരിക്കുന്നു 
അവന്‍റെയാത്മാവ് 
ചിറകു വിരിച്ച് 
എനിക്കൊപ്പം പറക്കുന്നു !! 

Thursday, September 27, 2012

അവള്‍ പെണ്ണാകുന്നത് !


കാത്തിരിപ്പിന്‍ പാതിയില്‍,
പ്രണയം രാകി കൂര്‍പ്പിച്ച
ഒരു നോട്ടം 
അതീവ ജാഗ്രതയോടെ 
നീ എറിഞ്ഞു തരുന്നു
അത് ഹൃദയത്തിന്റെ
ആഴങ്ങള്‍ താണ്ടി.

മൌനത്തിനൊടുക്കം - 
"നിന്‍റെ ഒരൊറ്റ നോട്ടം മതി
എനിക്ക് പെണ്ണാകാന്‍ " 
നിന്റെ മൊഴി ! 
വാക്കിന്‍ കയങ്ങളില്‍
വീണു;പിന്നെ നമ്മള്‍.

എന്നെ ഉന്മാദിയാക്കുന്ന
ഒരു ഗന്ധം നിന്നില്‍ നിന്ന്
പുറപ്പെടുന്നു,
അത് എന്‍റെ നാസാദ്വാരങ്ങളെ
കോരിത്തരിപ്പിച്ചു 
കടന്നു പോകുന്നു 

ഇതാണ് എന്‍റെ ഒടുക്കം
ഇവിടെയാണ്‌ എനിക്ക് ബലി 

നീ യാത്ര പറഞ്ഞ് ,
പിന്തിരിഞ്ഞു നോക്കാതെ
അകലേയ്ക്കു മായുന്നു
എന്റെ കവിത 
കടല്‍ കൊണ്ട് പോകുന്നു.

പ്രിയേ,
എനിക്ക് മുനയൊടിഞ്ഞ
മൌനം സമ്മാനിക്കുക
വിരഹത്താല്‍ എന്നെ
ഭ്രാന്തനാക്കുക

Tuesday, September 25, 2012

പ്രണയം

ചിലപ്പോഴെല്ലാം, 
ഒരു വാക്കിനിരു പുറങ്ങളില്‍ 
നീയും ഞാനും ! 
ഒന്നുമുരിയാടാനാവാതെ, 
നിശബ്ദമായി 
എന്‍റെ പ്രണയം 
ഈ തടാകത്തിന്‍ കരയില്‍ 
ഞാന്‍ വയ്ക്കുന്നു; 
കാലൊച്ച കേള്‍പ്പിക്കാതെ 
ആരാരും കാണാതെ, 
വന്നു പതിയെ അതെടുത്ത് കൊള്‍ക
എന്‍റെ പ്രിയേ,
എന്‍റെ മൃദുലമാം
പ്രണയം പുതച്ച്
ഉറങ്ങുക !!

Friday, September 21, 2012

യാതനാ (പ്രണയ ) പര്‍വ്വം !


ഇതാ , ഞാന്‍ 
പുഷ്പകിരീടം ചൂടി,
നിന്നെയോര്‍ത്തു പാടുന്ന 
നിന്‍റെ ഗന്ധര്‍വന്‍ 

പാതയരുകില്‍‍,പൂത്ത
മരത്തണലില്‍
ഇരുന്നു ഞാന്‍
എന്‍റെ ദിവ്യമാം പ്രേമം
നിനക്കു തരും

ഹാ!
എന്നിലേയ്ക്ക് നോക്കുക
പ്രണയ ജ്വരം
തീയായ് പൂക്കുന്ന
നിന്‍റെ കണ്ണുകളില്‍
നിന്ന് ഞാന്‍
നിത്യ പ്രേമത്തിന്റെ
താപമേറ്റു വാങ്ങും

ഇതാണു
ഞാന്‍ ചെയ്തത്
നിന്നെ
നിശബ്ധമായും,
അന്ധമായും
നിന്നെ
അസ്ഥിയോളം
പ്രണയിക്കുക മാത്രം

യാതനാ പര്‍വ്വം !
എനിക്ക്
സ്വര്‍ഗ്ഗവും നരകവും
നിഷേധിക്കപ്പെടുമ്പോള്‍
ഇന്നീ ഭൂമിയിലിരുന്നു
നിന്നെയോര്‍ത്തു പാടാന്‍
ഒരു പൂന്തോട്ടം ഒരുക്കുക

ഒരു ചുംബനത്തിന്‍
അഗാധതയില്‍
നമുക്ക്
വിശുദ്ധരാവുക

എനിക്കായി
ഇതാ ഒരു ചാട്ടവാര്‍
അഗ്നിസര്‍പ്പ ദംശനം
വിഷം കലര്‍ത്തിയ
ഒരു കോപ്പ വീഞ്ഞ്

ഗന്ധകം കൊണ്ട്
പുകഞ്ഞു പോകുന്ന
എന്‍റെ കണ്ണുകള്‍

ഇപ്പോഴിതാ
അന്ധതയിലും
എന്നില്‍ നീ പൂക്കുന്നു

Wednesday, August 22, 2012

കയ്ച്ച കവിത


അതെ ,
ഇന്ന് സ്വാതന്ത്യ ദിനത്തില്‍, 

അന്നമില്ലാതലയുന്ന 
കുട്ടികളുടെ 
കരളു പൊള്ളിയ്ക്കും 
വിലാപം കേട്ട്,
സ്വാന്ത്വനത്തിന്‍ കണിക പോലും 
വച്ചു നീട്ടാനാവാതെ, 
മടുത്ത്, 
വേച്ചു വേച്ച് ഞാന്‍
ശ്മശാനത്തില്‍
അന്തിയുറങ്ങാന്‍ പോകുന്നു.

ആധുനികോത്തര
നര ജന്മമാണ് ഞാന്‍
കരുണയോ ഏങ്ങലോ
ഇല്ലാതെ
എനിക്ക്
ഉറക്കം വരുവോളം
ഇന്ന്
സാത്താനുമായി സല്ലപിക്കണം.

നല്ല നാളെയ്ക്കായി
മാലാഖമാര്‍
സമാധാനത്തിന്റെ
വെള്ള തുണി നെയ്യുന്നത്
കത്തിച്ചു കളയാന്‍
ഞാന്‍
സാത്താനുമായി
ഇന്ന് ഒരു ഉടമ്പടി ഒപ്പ് വയ്ക്കും

കയ്പിന്റെ വെള്ളം കുടിച്ച്
എന്‍റെ ദൈവപുത്രന്‍
മരിയ്ക്കുന്നത് കണ്ട്


ഞാന്‍ ഉന്മാദം ചിരിയ്ക്കും.



 പിന്നെ,
ചുണ്ടിലൂടെ 

കിനിഞ്ഞിറങ്ങിയ 
കയ്ച്ച കവിതയെ-
പ്പുണര്‍ന്ന് , 
അകന്നു പോകുന്ന 
സ്വാതന്ത്ര്യത്തിന്റെ 
പത്തേമാരി നോക്കി 
മണല്‍ ത്തിട്ടയില്‍ 
കിടന്നു ഞാനുറങ്ങും
ശുഭരാത്രി !!