About Me

My photo

മലയാണ്മയോടാണ് അഭിനിവേശം. അതുകൊണ്ട് തന്നെ മലയാളത്തില്‍ ഒര് എം എ യും യു ജി സി യും തരപ്പെടുത്തി. വായന ഒരുപാട് ഇഷ്ടം. അവിടവിടെ ചിതറിക്കിടക്കുന്ന ചിന്തകള്‍ കോര്‍ത്തിണക്കി എന്തെകിലും കുത്തിക്കുറിക്കാന്‍ ഇഷ്ടം . അത് നാല് വരി കവിതയോ , ഒര് കുഞ്ഞു കഥയോ എന്ത് തന്നെയായാലും. ഉപജീവനത്തിനായി ഇപ്പോള്‍ ദുബൈയില്‍ ഒര് കനേഡിയന്‍ പവര്‍ ആന്‍ഡ്‌ എനെര്‍ജി കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭാര്യ ദീപ ചിറയില്‍ , ആലുവ യു സി കോളേജില്‍ മലയാളം ഭാഷാശാസ്ത്രം അധ്യാപിക . ഒര് മകന്‍ . ആര്‍തര്‍ വില്യം

Friday, September 28, 2012

ഗൌരിയ്ക്ക് !ഞങ്ങളുടെ ഗൌരിയായിരുന്നു. 
എപ്പോഴും ചിരിച്ച മുഖമായിരുന്നു.

കടലിലെ ലവണം പഞ്ചസാരയാണെന്നു
പറഞ്ഞ്, 
ടീച്ചറെ കളിയാക്കി,
സ്കൂള്‍ വിട്ടു പോരുമ്പോള്‍
അവന്‍  
നാലാം ക്ലാസില്‍ ആയിരുന്നു. 

പിന്നീട്,
പ്രവാസത്തിനിടയില്‍ 
കളിചിരികള്‍ കൊണ്ട് 
കൊടും വെയില്‍ വറ്റിച്ചിരുന്നവന്‍.

പേരില്‍ മാത്രമേ സ്ത്രൈണത 
ഉണ്ടായിരുന്നുള്ളൂ.

പല്ലുകാട്ടി , ശബ്ദമുണ്ടാക്കി 
തുറന്നു ചിരിക്കാന്‍ 
ഞങ്ങളെ പഠിപ്പിച്ചിരുന്നവന്‍ 

ഇന്ന്, ഞങ്ങളെയും 
ഈ ലോകത്തെയും 
വിട്ടു പോകുമ്പോള്‍ 
അവന്റെ പേര് 
ഗൌരി ശങ്കര്‍ ആയിരുന്നുവെന്ന് 
ഞാനോര്‍ക്കുന്നു,
ഉള്‍ക്കിടിലത്തോടെ ! 

അവന്‍ 
നല്ല ഒരു ആണ്‍കുട്ടിയായിരുന്നു !

അവന്റെ മരണവാര്‍ത്തയും 
കൊണ്ട് വന്ന ഒരു ഫോണ്‍ സന്ദേശം 
ഇപ്പോഴും എന്‍റെ ചെവികളെ 
മലിനമാക്കിക്കൊണ്ടിരിക്കുന്നു  ! 

അത് മനസ്സിനെ 
വല്ലാതെ  
ഉലച്ചു കൊണ്ടേയിരിക്കുന്നു 
അവന്‍റെയാത്മാവ് 
ചിറകു വിരിച്ച് 
എനിക്കൊപ്പം പറക്കുന്നു !! 

Thursday, September 27, 2012

അവള്‍ പെണ്ണാകുന്നത് !


കാത്തിരിപ്പിന്‍ പാതിയില്‍,
പ്രണയം രാകി കൂര്‍പ്പിച്ച
ഒരു നോട്ടം 
അതീവ ജാഗ്രതയോടെ 
നീ എറിഞ്ഞു തരുന്നു
അത് ഹൃദയത്തിന്റെ
ആഴങ്ങള്‍ താണ്ടി.

മൌനത്തിനൊടുക്കം - 
"നിന്‍റെ ഒരൊറ്റ നോട്ടം മതി
എനിക്ക് പെണ്ണാകാന്‍ " 
നിന്റെ മൊഴി ! 
വാക്കിന്‍ കയങ്ങളില്‍
വീണു;പിന്നെ നമ്മള്‍.

എന്നെ ഉന്മാദിയാക്കുന്ന
ഒരു ഗന്ധം നിന്നില്‍ നിന്ന്
പുറപ്പെടുന്നു,
അത് എന്‍റെ നാസാദ്വാരങ്ങളെ
കോരിത്തരിപ്പിച്ചു 
കടന്നു പോകുന്നു 

ഇതാണ് എന്‍റെ ഒടുക്കം
ഇവിടെയാണ്‌ എനിക്ക് ബലി 

നീ യാത്ര പറഞ്ഞ് ,
പിന്തിരിഞ്ഞു നോക്കാതെ
അകലേയ്ക്കു മായുന്നു
എന്റെ കവിത 
കടല്‍ കൊണ്ട് പോകുന്നു.

പ്രിയേ,
എനിക്ക് മുനയൊടിഞ്ഞ
മൌനം സമ്മാനിക്കുക
വിരഹത്താല്‍ എന്നെ
ഭ്രാന്തനാക്കുക

Tuesday, September 25, 2012

പ്രണയം

ചിലപ്പോഴെല്ലാം, 
ഒരു വാക്കിനിരു പുറങ്ങളില്‍ 
നീയും ഞാനും ! 
ഒന്നുമുരിയാടാനാവാതെ, 
നിശബ്ദമായി 
എന്‍റെ പ്രണയം 
ഈ തടാകത്തിന്‍ കരയില്‍ 
ഞാന്‍ വയ്ക്കുന്നു; 
കാലൊച്ച കേള്‍പ്പിക്കാതെ 
ആരാരും കാണാതെ, 
വന്നു പതിയെ അതെടുത്ത് കൊള്‍ക
എന്‍റെ പ്രിയേ,
എന്‍റെ മൃദുലമാം
പ്രണയം പുതച്ച്
ഉറങ്ങുക !!

Friday, September 21, 2012

യാതനാ (പ്രണയ ) പര്‍വ്വം !


ഇതാ , ഞാന്‍ 
പുഷ്പകിരീടം ചൂടി,
നിന്നെയോര്‍ത്തു പാടുന്ന 
നിന്‍റെ ഗന്ധര്‍വന്‍ 

പാതയരുകില്‍‍,പൂത്ത
മരത്തണലില്‍
ഇരുന്നു ഞാന്‍
എന്‍റെ ദിവ്യമാം പ്രേമം
നിനക്കു തരും

ഹാ!
എന്നിലേയ്ക്ക് നോക്കുക
പ്രണയ ജ്വരം
തീയായ് പൂക്കുന്ന
നിന്‍റെ കണ്ണുകളില്‍
നിന്ന് ഞാന്‍
നിത്യ പ്രേമത്തിന്റെ
താപമേറ്റു വാങ്ങും

ഇതാണു
ഞാന്‍ ചെയ്തത്
നിന്നെ
നിശബ്ധമായും,
അന്ധമായും
നിന്നെ
അസ്ഥിയോളം
പ്രണയിക്കുക മാത്രം

യാതനാ പര്‍വ്വം !
എനിക്ക്
സ്വര്‍ഗ്ഗവും നരകവും
നിഷേധിക്കപ്പെടുമ്പോള്‍
ഇന്നീ ഭൂമിയിലിരുന്നു
നിന്നെയോര്‍ത്തു പാടാന്‍
ഒരു പൂന്തോട്ടം ഒരുക്കുക

ഒരു ചുംബനത്തിന്‍
അഗാധതയില്‍
നമുക്ക്
വിശുദ്ധരാവുക

എനിക്കായി
ഇതാ ഒരു ചാട്ടവാര്‍
അഗ്നിസര്‍പ്പ ദംശനം
വിഷം കലര്‍ത്തിയ
ഒരു കോപ്പ വീഞ്ഞ്

ഗന്ധകം കൊണ്ട്
പുകഞ്ഞു പോകുന്ന
എന്‍റെ കണ്ണുകള്‍

ഇപ്പോഴിതാ
അന്ധതയിലും
എന്നില്‍ നീ പൂക്കുന്നു