Monday, February 21, 2011

നീയാര്?


നീയാര്?
താരക രഹിതമാം നിശ
ഒരു പെന്റുലതിന്‍
ഭീതശബ്ദം മുക്രയിടും മുറി
ഒരു മെഴുകുതിരികാലിന്റെ
വെട്ടം പാറി വീണു
നിഴല്‍ മുറിയുന്ന ചുമര്‍
നിശീഥത്തിലെ മഞ്ഞുടഞ്ഞു
എനിക്കുചുറ്റും തണുപ്പിന്റെ
നക്തഞ്ചര നഖരം
ഉടലില്‍ തണുപ്പ് പുതച്ചു
മുറിയില്‍ നിന്നിറങ്ങുന്ന ഞാന്‍
നിന്റെ തുറമുഖത്തേക്ക് വരുന്നു
നീയാര്?
കടലിലോഴുകുന്നോറ്റയ്ക്ക്
യാനപാത്രം
കണ്ണുപൂട്ടിയിരിക്കും നാവികന്‍
ചുംബിച്ചു ജീവനൊടുക്കും
ഹിമപാളിയെ !
ദൈവമെയെന്നു
പ്രധിധ്വനിക്കും നിലവിളി
വിളിയിലവിടെ പിടയും
നിന്റെ പ്രാണന്‍ .
ഇന്ന് നാം
ഇതുറമുഖത്തിന്‍
രണ്ടറ്റങ്ങളില്‍
നിദ്രാവിഹീനര്‍,
ആകുലര്‍
നമുക്കൊരേ മതം,
ഒരേ ദൈവം
അകലങ്ങളില്‍ ഇരുന്നു
നാമറിയും പ്രാണനില്‍
സ്നേഹം കുറുകുന്നത്
നീയാണ്
കശേരുക്കളില്‍
ജ്വലനദീപ്തിയായും
ജടരാമ്ലമായും,
നിദ്രാവീണയായും
നീയാണ്
നീയേയമൂല്യ വൈഖരി
നീയേയനാക്രാന്ത നിര്‍വൃതി!

Saturday, February 5, 2011

തക്ഷകന്‍


കരിമൂര്‍ഖനെ
അടച്ച കുടത്തില്‍
താഴ്ത്തിയ
കയ്യിലിറ്റുന്നു
ദന്ത ക്ഷതങ്ങളില്‍
നിന്ന് ചോര!
നിണത്താലിന്നു
വരക്കണം
ചുവരിലൊരു ചിത്രം.
ചിത്രം കഴിയുംബോഴെക്കും
നീലിച്ച കൈ തളരും , സാരമില്ല

ചിത്രത്തിനൊരടിക്കുറിപ്പ് വേണം,
മത്സരതിനയക്കുമ്പോള്‍ മാര്‍ക്ക്‌
ഒട്ടും കുറയരുത്‌
അടിക്കുറിപ്പ് തേടുന്നു ഞാന്‍,
വാക്കിന്‍ നാനാര്‍ഥങ്ങള്‍
സന്ധികള്‍
സമാസങ്ങള്‍...
വാക്കുകള്‍ക്കിടയില്‍ വായിക്കുമ്പോള്‍
ബലിമൃഗ യൂപങ്ങള്‍
ഒരു മുനിയറ
കാലം വിശപ്പിന്റെ
പഴുതടച്ച
ഒരു പിടി എരുക്ക്
കുപ്പിച്ചില്ല് ,
കുറച്ചു കരച്ചില്‍,
ഒരെച്ചില്‍ ഇല
കരിപിടിച്ച ക്ലാവ് വിളക്ക്..
പട്ടിക നീളവേ
കണ്ണില്‍ തടഞ്ഞു
തക്ഷകന്റെ പല്ല്!
വിഷം പോയ ഒന്ന്,
പണ്ട് രാജാവിനെ കൊന്നത് !
മതി ഇത് മതി , ഈ ചോരചിത്രത്തിനു
ഞാന്‍ പേരിടും
തക്ഷകന്‍

Wednesday, February 2, 2011

യോല


യോല,
ഒരപൂര്‍വ ചടുലത
ഒരു സുന്ദര കാവ്യം!

മഞ്ഞുപോലെ കന്തൂറകള്‍
വെള്ളിയും സ്വര്‍ണവും കെട്ടി
ഘട്ഗങ്ങള്‍
ഉയര്‍ത്തി എറിഞ്ഞു
എത്ര ലാഘവത്തോടെ
അവരത് പിടിക്കുന്നു
ഒരു ബൂമരാന്‍ഗ് പോലെ.

നിങ്ങള്‍ വട്ടത്തില്‍
ചൂരല്‍ വടികള്‍ കറക്കി
നെഞ്ചിലേക്ക് വീഴുന്ന
ഈ വാളുകള്‍ പിടിച്ചു
അറബി സംഗീതത്തിന്റെ
മാസ്മരം.

ഒരു നിമിഷം ഞാന്‍
എന്നെ മറന്നു
കൂട്ടുകാരാ ,
അറബി സുഹൃത്തേ
നീ എന്നെ കൈക്ക് പിടിച്ചു,
ജബല്‍ ഹഫീതിനു മുകളില്‍
ഈ എമിറാതി നൃത്തക്കാരുടെ
ഇടയില്‍ നിര്‍ത്തിയപ്പോള്‍
പിന്നെ ഞാനും നിങ്ങള്‍ക്കൊപ്പം
വലത്തു വച്ചു !