Saturday, October 29, 2011

ബന്ധം



1.
ഒരു വിവാഹം കഴിച്ചു
മടുത്തു
വിരാമത്തിനു ഒരു
കുറിമാനം അയക്കണം !

2.
പറിച്ചെറിഞ്ഞ താലി
ഇന്ന് നോക്കുമ്പോള്‍ ക്ലാവ് !
ചെമ്പ് പൂശിയ ഹേമമാം ജീവിതം .

3.
കുരിശു വരക്കാതെ
അത്താഴമുന്ണാനിരുന്നു
ചോറില്‍ കല്ലുകടിച്ചെഴുന്നേറ്റു !

4.
മെത്ത ഒഴിവാക്കി
ഇന്ന് പത്തു പതുപതുപ്പില്ലാതെ
കിടക്കണം പലകമേല്‍ !

5.
വീട്ടില്‍ നിന്നിറങ്ങി
ആകെ വൃത്തികേടാക്കി പോലും
വയ്യ - തിരികെ കേറാന്‍

Wednesday, October 26, 2011

നദികളുടെ രാജകുമാരി


നദികളുടെ രാജകുമാരി

പൊന്നുടുമ്പ്‌ പോല്‍
ഇഴയുന്നു
രാത്രി സംഗീതം !
... നിശയുടെ കുഞ്ഞുങ്ങള്‍ ഉറങ്ങിയിട്ടില്ല

*മിനാ,
അമൂര്‍ത്ത പ്രേമത്തിന്റെ സുന്ദരീ ,
ചോര പൊടിഞ്ഞ കുരിശിനരുകില്‍ ഞാന്‍
ഒര് നോട്ടത്തിന്‍ മുന കൊണ്ട്
എനിക്ക് നിന്നെ പിടിച്ചു നിര്‍ത്താം
നിന്‍റെ കണ്ണു നീര്‍ ത്തുള്ളിയെ
വൈഡൂര്യമാക്കി ഞാന്‍ നിനക്ക് തരും.

ഒര് ചുംബനത്താല്‍
ഞാന്‍ നിന്നേ ബന്ധിക്കുന്നു
കൂര്‍ത്ത ഒരാലിംഗനത്താല്‍
നീയെന്റെതാവും
എന്‍റെ കണ്ണു കളിലൂടെ
ദൂരെ മുന്തിരിപ്പാടങ്ങള്‍ കാണുന്ന നീ !

കലരുന്നു നമ്മുടെ ചോരതന്‍ നദി
എന്‍റെ കണ്ണുകളില്‍
ഇരമ്പുകയാണ്
രക്തത്തിന്‍ കടലുകള്‍
ഞാന്‍ പഠിക്കുന്നത്
ഹിംസ്ര ജന്തുക്കളുടെ പാഠങ്ങള്‍
ആര്‍ത്തലയ്ക്കുന്ന വിലാപം.

നിന്‍റെ പിന്‍കഴുത്തില്‍
ദംഷ്ട്രകള്‍ ആഴ്ത്ത്മ്പോള്‍
ഞാനറിയുന്നത് എന്താണെന്നല്ലേ ?
നീ കണ്ണീര്‍ നിറഞ്ഞ ഒര് നദിയായിരുന്നു
അതെ **ആര്‍ഗെസ് പോലെ
സുന്ദരിയായ
ഒര് രാജകുമാരി !

* Mina - Charecter from Bramstoker's Drakula
** Arges - There was a princess. She was the most radiant woman in all the empires of the world. But man's deceit took her from her ancient prince. She leapt to her death into the river. From then it is called Argeş - River Princess

ചിത്രം കടപ്പാട് - http://megatherionus.deviantart.com/

Thursday, October 20, 2011

തിരികെ !



ഇന്നലെ മുഴുവന്‍ പനിച്ചു കിടന്നു
ജ്വരം തിന്ന ഒരു തലച്ചോറ്
പുതയ്ക്കാന്‍ കംബിളിയില്ലാതെ
നിന്റെ ഗന്ധമില്ലാതെ
കാലുകള്‍ക്കും കയ്യുകള്‍ക്കും
ചലനശേഷിയില്ലാതെ
നിവര്‍ന്നു നിര്‍ജീവം കിടക്കുമ്പോള്‍
ഓര്‍മയില്‍ അരുകിലിരുന്നു
ആത്മാവിന്റെ പുസ്തകം
വായിക്കുന്നത് ആരാണ് ?
ചോരച്ചുമ പൊന്തും കണ്ഠത്തില്‍
സ്നേഹത്തിന്റെ തൈലമിറ്റിച്ചതാരാണ് ?
വെള്ളരിപ്പൂംപ്രാവായി വന്നു
നിലാവിന്റെ ഗാനം കുറുകിയതാരാണ് ?
അവ്യക്തമായ ഓര്‍മകള്‍ക്കുമേല്‍
ഒരു ഹിംസ്ര മൃഗത്തിന്‍ രശനയില്‍ നിന്നും
നിണം തൂകി എന്റെ സ്വപ്നത്തെ
ചുവപ്പിച്ചു , ഒടുവില്‍
രക്തപങ്കിലം എന്റെ ദേഹിയെ
ഒരു തെമ്മാടിക്കുഴിയിലേക്ക്
വലിച്ചെറിഞ്ഞതെന്തിനാണ് ?
എനിക്ക് ജീവനില്‍ വലിയ കൊതിയാണ്
നിനക്ക് മുന്നില്‍ പറക്കാന്‍ ,
ഒരു വഴികാട്ടിയായി !
ഈ പനി ഒന്ന് മാറട്ടെ,
അത് വരെ ഒന്ന് ക്ഷമിക്കൂ
ഞാന്‍ എന്റെ ഓര്‍മകളിലേക്ക് തരിച്ചു വരും
അത് വരെ അതുവരെ മാത്രം !

Monday, June 27, 2011

മൈക്കേല്‍ ജാക്സനൊരു ഗീതം


ആരുനോവിച്ചിതെന്നാത്മാവിനെ ?
ചോദിച്ചു നീ; ഉത്തരം കാക്കാതെ
പൊലിഞ്ഞ സ്നേഹമേ പ്രണാമം.

നിന്റെയുള്ളില്‍
വേദന വിങ്ങി നിന്നു പാട്ടുകള്‍,
രുദ്രം താളം!

ചെകുത്താന്റെ പാട്ടുകളെന്നു
മുദ്രകുത്തപ്പെടുമ്പോള്‍
അഭയം കണ്ടു
നിന്‍റെ യൌവ്വനം
മോര്‍ഫീന്‍ കയങ്ങളില്‍ !

വേദന മറന്നു
നീ പാടുന്ന
ഡാമറോള്‍
പ്രഭാതങ്ങള്‍

പാട്ടിന്‍ കയങ്ങളില്‍
ആയിരങ്ങള്‍ തുള്ളി മറിയുന്ന
നിശകള്‍

ദിനങ്ങളൊടുങ്ങുന്നു .

നഷ്ട്ടപ്പെട്ടുപോയ
കാതരയാം നിന്‍
സ്നേഹിതയുടെ
ഒര് ലേഖനം കൊതിച്ചു
നിന്‍റെ കരള്‍ കീറിയോഴുകുന്നു
പാട്ടിന്‍ നദി .. " soembody hear my soul now ..."

ഇരമ്ബുന്നായിരങ്ങള്‍
നിന്‍ ജാലക വാതില്‍ക്കല്‍,

നിന്നു നീ സ്വവര്‍ഗാനുരാഗിയായ്,
കാമോന്‍മത്തനായ്‌ പേര് ചാര്‍ത്തപ്പെട്ടു
അഭിനവ പീലതോസിന്‍ മുറികളില്‍.

നാണം വിതച്ചു നീയെന്നച്ച്ചന്‍;
ഇരുള്‍മൂടിയ മുറികള്‍ നീ
ചുരുണ്ട് കൂടും ബാല്യം.

ലോകത്തിന്‍ മുറിവുണക്കാന്‍
"നിന്‍ വിശ്വാസം എനിക്ക് തരൂ"
പാടി നീ,

നുണ പറയാത്ത സ്നേഹമെവിടെന്നു നീ !

പ്രിയ മൈക്കേല്‍ ,
പറയൂ സ്നേഹമായിരുന്നോ നിന്‍റെ ദാരിദ്രം ?

Sunday, May 22, 2011

വേഗം


വേഗം അറുപതെ പാടൂ
കെട്ടിടങ്ങള്‍ക്ക് പൊക്കം മൂന്നേ പാടൂ
എന്നു ബാലിദിയ
വിശ്വാസത്തിന്റെ നൌകയില്‍ കെട്ടാന്‍
എന്‍റെ ജീവിതം ഈ അറബി വീട്ടില്‍ ,
കടത്തിണ്ണയില്‍,
കടല്‍ തിരയില്‍
ഉപേക്ഷിക്കുന്നു ഞാന്‍

മെര്‍മൈട് !!



നീല ജലത്തിന് മുകളില്‍
അവള്‍ വന്നു,
നൌകയില്‍
കയ്യൂന്നി ഉടല്പകുതി
ജലത്തില്‍ തുഴഞ്ഞു
നിന്‍റെ കണ്ണിലേക്കു നോക്കി
ഈറനാവാത്ത
ചുവന്ന കണ്ണുകള്‍
നിന്‍റെ ഒരിറ്റു കണ്ണീരിനാല്‍
അമരത്വം കൊതിച്ചു
വന്നവരാണിവര്‍;നരര്‍
പിന്നീടു ,
ഒര് ചില്ലുകൂട്ടിട്ല്‍ തളച്ചു ,
അവര്‍ നിന്നേ ചുമന്നു
ജലപാതത്തിന്റെ താഴ്വരയിലേക്ക്
വിശുദ്ധ കാസകള്‍ തേടി.
നിന്‍റെ കാമുകന്റെ ചങ്കില്‍
ഒര് കത്തിയാഴ്തി നിന്ന്നെ
കരയാന്‍ കൊതിപ്പിച്ചു
ഒരിറ്റു കണ്ണീര്‍
അതിനാല്‍
അമരത്വം കൊതിച്ചു
വന്നവരാണിവര്‍;വേടര്‍
കണ്ണീര്‍ജലം കൊണ്ട്
നേട്ടമില്ലാത്ത കാലം
മരണം ഒര് പോയ്ക്കലുമായി
നിന്‍റെ നെഞ്ഞിലേക്ക്!
അമരത്വത്തിന്റെ കൊതി പൂണ്ട നിന്നേ
നരകവാതില്‍ തുറന്നു വന്ന
കൊടുംകാറ്റു വേണ്നീരാക്കി കളഞ്ഞു
കേവലം ഒര് പിടി ചാരം.
കാമുകനെയും കൊണ്ട്
പ്രേമത്തിന്റെ ആഴങ്ങളി ലേക്ക്
അവള്‍ ഊളിയിട്ടു !
സെറീന
മത്സ്യകന്യക

കടപ്പാട് :( English Movie Pirates_of_the_caribbean_on_stranger_tides)

Sunday, April 24, 2011

ഞാന്‍ !


ഞാന്‍ !
ഒരു കുമിളയില്‍ പൊതിഞ്ഞു
വെറും കാട്ടിക്കൂട്ടലുകളുടെ
ചുനപരത്തി
സത്യങ്ങളെല്ലാം ഒളിപ്പിച്ചു വച്ച്
പുറം പൂച്ചു കാട്ടി
വെറുതെ ചിരിച്ചെന്നു വരുത്തി
സൌഹൃദം നടിച്ചു
കാലുവാരി
ചെളിവാരിയെരിഞ്ഞു
വിദ്വേഷം വമിപ്പിച്ചു
എന്തിനു വേണ്ടി
ഇങ്ങനെ ജീവിക്കുന്നു ?

Wednesday, March 2, 2011

വിഷമാന്തരം !


വിശന്നപ്പോള്‍
റേഷനരിയുടെ
പുഴുക്കുത്തിലായിരുന്നു
എന്‍റെ കണ്ണ്

അച്ഛന്റെ മാരുതിയില്‍ നീ
സ്കൂളിലിറങ്ങുമ്പോള്‍
ഒറ്റക്കാലില്‍ മുടന്തിഞാന്‍
വള്ളിപൊട്ടിയ ഒറ്റ ചെരിപ്പില്‍.

ഒരു സൈക്കിള്‍,
വെള്ളം ചീറ്റുന്ന
ഒരു കളി തോക്ക്,
കുറച്ചു നാരങ്ങ മിട്ടായി
സ്വപ്നംകണ്ടു ഞാനുറങ്ങി.

ഉച്ചക്കഞ്ഞി;
പൊടിയുന്നു
പല്ലിടയില്‍
പയറിലെ കല്ല്‌
എടുത്തു സൂക്ഷിച്ചു സഞ്ചിയില്‍ ;
കൊത്തങ്ങല്ലാടാം !

കണ്ണിനു മുന്നില്‍
വിഷു നിലാവ്
എനിക്ക് പൊട്ടിയ സ്ലേറ്റും
കുറച്ചു മഷിതണ്ടും
കൈനീട്ടം.

മുട്ടുപൊട്ടിയ വേദനയില്‍
മുഖം കുനിച്ചിരിക്കെ
നീ പറഞ്ഞു ,
കൂട്ടുകാര
നിന്‍റെ മുറിവിനു
ഒരു നുള്ള് മഞ്ഞള്‍ പൊടി,
വേണ്ട, കമ്മുണിസ്റ്റു പച്ചയാകാം.
അവന്‍റെ മുറിവിലെ ബാണ്ടൈടിന്റെ
പടം ഞാന്‍ വരച്ചു നോക്കി .
പച്ചയല്ലേ
മുറിവ് വേഗമുണങ്ങി ,
മൂട് കീറിയ വള്ളിനിക്കര്‍
ഒറ്റകൈയാല്‍ പിടിച്ചു എന്‍റെ ബാല്യം
ഒന്തം കയറി !

Monday, February 21, 2011

നീയാര്?


നീയാര്?
താരക രഹിതമാം നിശ
ഒരു പെന്റുലതിന്‍
ഭീതശബ്ദം മുക്രയിടും മുറി
ഒരു മെഴുകുതിരികാലിന്റെ
വെട്ടം പാറി വീണു
നിഴല്‍ മുറിയുന്ന ചുമര്‍
നിശീഥത്തിലെ മഞ്ഞുടഞ്ഞു
എനിക്കുചുറ്റും തണുപ്പിന്റെ
നക്തഞ്ചര നഖരം
ഉടലില്‍ തണുപ്പ് പുതച്ചു
മുറിയില്‍ നിന്നിറങ്ങുന്ന ഞാന്‍
നിന്റെ തുറമുഖത്തേക്ക് വരുന്നു
നീയാര്?
കടലിലോഴുകുന്നോറ്റയ്ക്ക്
യാനപാത്രം
കണ്ണുപൂട്ടിയിരിക്കും നാവികന്‍
ചുംബിച്ചു ജീവനൊടുക്കും
ഹിമപാളിയെ !
ദൈവമെയെന്നു
പ്രധിധ്വനിക്കും നിലവിളി
വിളിയിലവിടെ പിടയും
നിന്റെ പ്രാണന്‍ .
ഇന്ന് നാം
ഇതുറമുഖത്തിന്‍
രണ്ടറ്റങ്ങളില്‍
നിദ്രാവിഹീനര്‍,
ആകുലര്‍
നമുക്കൊരേ മതം,
ഒരേ ദൈവം
അകലങ്ങളില്‍ ഇരുന്നു
നാമറിയും പ്രാണനില്‍
സ്നേഹം കുറുകുന്നത്
നീയാണ്
കശേരുക്കളില്‍
ജ്വലനദീപ്തിയായും
ജടരാമ്ലമായും,
നിദ്രാവീണയായും
നീയാണ്
നീയേയമൂല്യ വൈഖരി
നീയേയനാക്രാന്ത നിര്‍വൃതി!

Saturday, February 5, 2011

തക്ഷകന്‍


കരിമൂര്‍ഖനെ
അടച്ച കുടത്തില്‍
താഴ്ത്തിയ
കയ്യിലിറ്റുന്നു
ദന്ത ക്ഷതങ്ങളില്‍
നിന്ന് ചോര!
നിണത്താലിന്നു
വരക്കണം
ചുവരിലൊരു ചിത്രം.
ചിത്രം കഴിയുംബോഴെക്കും
നീലിച്ച കൈ തളരും , സാരമില്ല

ചിത്രത്തിനൊരടിക്കുറിപ്പ് വേണം,
മത്സരതിനയക്കുമ്പോള്‍ മാര്‍ക്ക്‌
ഒട്ടും കുറയരുത്‌
അടിക്കുറിപ്പ് തേടുന്നു ഞാന്‍,
വാക്കിന്‍ നാനാര്‍ഥങ്ങള്‍
സന്ധികള്‍
സമാസങ്ങള്‍...
വാക്കുകള്‍ക്കിടയില്‍ വായിക്കുമ്പോള്‍
ബലിമൃഗ യൂപങ്ങള്‍
ഒരു മുനിയറ
കാലം വിശപ്പിന്റെ
പഴുതടച്ച
ഒരു പിടി എരുക്ക്
കുപ്പിച്ചില്ല് ,
കുറച്ചു കരച്ചില്‍,
ഒരെച്ചില്‍ ഇല
കരിപിടിച്ച ക്ലാവ് വിളക്ക്..
പട്ടിക നീളവേ
കണ്ണില്‍ തടഞ്ഞു
തക്ഷകന്റെ പല്ല്!
വിഷം പോയ ഒന്ന്,
പണ്ട് രാജാവിനെ കൊന്നത് !
മതി ഇത് മതി , ഈ ചോരചിത്രത്തിനു
ഞാന്‍ പേരിടും
തക്ഷകന്‍

Wednesday, February 2, 2011

യോല


യോല,
ഒരപൂര്‍വ ചടുലത
ഒരു സുന്ദര കാവ്യം!

മഞ്ഞുപോലെ കന്തൂറകള്‍
വെള്ളിയും സ്വര്‍ണവും കെട്ടി
ഘട്ഗങ്ങള്‍
ഉയര്‍ത്തി എറിഞ്ഞു
എത്ര ലാഘവത്തോടെ
അവരത് പിടിക്കുന്നു
ഒരു ബൂമരാന്‍ഗ് പോലെ.

നിങ്ങള്‍ വട്ടത്തില്‍
ചൂരല്‍ വടികള്‍ കറക്കി
നെഞ്ചിലേക്ക് വീഴുന്ന
ഈ വാളുകള്‍ പിടിച്ചു
അറബി സംഗീതത്തിന്റെ
മാസ്മരം.

ഒരു നിമിഷം ഞാന്‍
എന്നെ മറന്നു
കൂട്ടുകാരാ ,
അറബി സുഹൃത്തേ
നീ എന്നെ കൈക്ക് പിടിച്ചു,
ജബല്‍ ഹഫീതിനു മുകളില്‍
ഈ എമിറാതി നൃത്തക്കാരുടെ
ഇടയില്‍ നിര്‍ത്തിയപ്പോള്‍
പിന്നെ ഞാനും നിങ്ങള്‍ക്കൊപ്പം
വലത്തു വച്ചു !

Friday, January 7, 2011

നിന്‍റെ ജ്വരം എന്നിലേക്ക്‌ സംക്രമിച്ചത്



ഇന്ന് തടാകക്കരയിലിരുന്നു


തിരയുകയാണ് ഞാന്‍


നിന്റെ സ്വരം


ഹൃദയത്തിന്റെ ചായയുള്ള തടാകം


പുറകില്‍ ഓടി മാഞ്ഞു


ഒരു നിഴല്‍


പ്രഭാതം


വയനാട്


അമ്പുകുത്തി മലയുടെ


മുകളില്‍ കണ്ട നിഴല്‍


എന്നിലേക്ക്‌ നിന്റെ


നീല ഞരമ്പുകളെ


കൊണ്ടുവരുന്നു


നാം രണ്ടുപേരും


കൈകൊര്ത്തിരുന്നു


കണ്നീരുപ്പുകൊണ്ട്


നാം പടുത്ത മലയില്‍


മഞ്ഞു കൊള്ളാതിരിക്കാന്‍


കാശ്മീരി ഷാള്‍ പുതപ്പിച്ചു


നീയെന്നെ .


മറ്റൊരു സായാഹ്നം


ബംഗാളൂരില്‍


നിന്റെ നെറ്റിയില്‍


കൈവച്ച എന്റെ വിരല്‍ പൊള്ളി


ഒലിക്കുന്നു നിന്റെ ജ്വരം


പനിയുടെ മൂര്ചയില്‍


ഞാന്‍ നിന്നെ താങ്ങി


പിന്നെ നിന്റെ നെറ്റിചൂട്


എന്നിലേക്ക്‌ സംക്രമിച്ചു


പതുക്കെ


നമ്മള്‍ ഒരുമിച്ചു


വില പറഞ്ഞ ആനക്കൊമ്പ് പ്രതിമ


ആ വണിക്ക് വിലപേശി


വിറ്റത് ഓര്തെടുതുകൊണ്ട്


നീയെന്റെ തല യിണ കള്‍ക്കുള്ളില്‍


മുഖം പൊത്തി ക്കിടന്നു


നാം ഒളിച്ചു കളിക്കുകയായിരുന്നു.


പിന്നെ


ഒരു കുഞ്ഞു താരാട്ട് പോലെ നിന്റെ


സംഗീതം ഒഴുകിപ്പരന്നു


"കമല ജാതള വിമല സുനയന ......


എന്തോരൂഷ്മളത


പനിക്കുന്ന നിന്റെ വരികള്‍


എപ്പോഴാണ് ഞാന്‍


ഉറങ്ങിയത്


ഉണരുമ്പോള്‍ നമ്മള്‍


നാട്ടിലാണ്


പനി വിട്ടിരുന്നു.


പിന്നെ


തൃശൂര്‍ ജില്ലാസ്പത്രിയിലെ


മുഖത്ത് കടന്നല്‍ കലയുള്ള


നേഴ്സ് പറഞ്ഞു


കഞ്ഞിയും ച്ചുട്ടപപ്പടവും


വാങ്ങി വരാന്‍ ആളെ അയയ്ക്കു


താങ്കള്‍ക്ക് 103 ഡിഗ്രി പനിയായിരുന്നു


ഇന്നലെ


ബോധമില്ലാതെ


ആരോ ഇവിടെ കൊണ്ടുവരുമ്പോള്‍ !

Sunday, January 2, 2011

മോക്ഷം


കറുത്ത ലോഹയിട്ട

പാതിരിയെ

തൂക്കിക്കൊന്നു.

ഒരു തോക്കിന്കുഴലില്‍

കുട്ടികള്‍ നിര്‍ദാക്ഷിണ്യം

നടന്നു തളര്‍ന്നു.

കണ്ണ് പൊത്തിക്കളിക്കാന്‍

പോയ അവരെ

മുതലക്കുളത്തില്‍

എറിഞ്ഞു കൊന്നു.

പ്രജ്ഞ കെട്ട കമിതാക്കള്‍

പ്രണയ തുരുത്തില്‍ നിന്ന്

ചാടി മൃതിവരം വാങ്ങി

മതികെട്ടവര്‍

മതിലികള്‍ക്കുള്ളില്‍

കല്ലായി നിന്നുകൊടുത്തു

പുണ്യം പെറാന്‍!

എന്നിട്ടും ബാക്കിയായവര്‍,

മരുഭൂമിയിലൂടെ

മണലിനു കുറുകെഓടി;

ഇത്തിരി തണല്‍ തേടി.

തീരത്ത് പകുതി മുങ്ങിയ

ഒരു വഞ്ചി.

മുനയൊടിഞ്ഞചുണ്ടുമായി

മഴകാത്തു മുഷിഞ്ഞ

വേഴാമ്പല്‍ പറന്നു പോയി.

എനിക്ക് കുറുകെ ചാടിയ

കരിമ്പൂച്ചയുടെ

കറുപ്പിലേക്ക്‌

രാത്രി സംക്രമിക്കുന്നു

നാളെ അതിന്റെ ജാതകം നോക്കണം !