Sunday, October 7, 2012

മിനാ ! (ഡ്രാക്കുള പ്രഭുവിന് )


പ്രണയാതുരമായി,മിനാ 
നിന്നിലേയ്ക്ക് 
പിന്നെയും
വലിച്ചിഴയ്ക്കപ്പെടുകയാണ്
ഞാന്‍.
രക്ത ദാഹിയെന്ന്
മുദ്രകുത്തപ്പെട്ട,
ഭഗ്ന പ്രണയത്തിന്‍റെ
പ്രാക്തന ജീവന്‍;ഡ്രാക്കുള

ഈ കൊട്ടാരത്തിന്‍റെ
ചുവരുകള്‍ക്കുള്ളില്‍
ഇന്നും പൂക്കുന്ന
നമ്മുടെ പ്രണയം

നടക്കാവുകള്‍ക്കരുകില്‍
നിനക്കായി ഞാന്‍ നട്ട
പനിനീര്‍ച്ചെടികള്‍
ഇനിയും വാടിയിട്ടില്ല

നിന്‍റെ തപ്ത നിശ്വാസം
കുമിഞ്ഞു നില്‍ക്കുന്ന
നമ്മുടെ പൂമെത്ത

മരണത്തിലേയ്ക്ക്
സ്വതന്ത്രനാക്കാതെ
നീ എന്നെത്തളച്ചിടുന്ന
പ്രണയാഗ്നിതന്‍
കല്‍ത്തുറുങ്ക്

എന്റെതിനേക്കാള്‍
മൂര്‍ച്ച യുള്ള
നോട്ടമാണ്
നീയെനിക്ക്
എറിഞ്ഞു തന്നത്
ഇന്ന്, ഞാന്‍ നിന്നിലെയ്കെത്താന്‍
താണ്ടുകയാണീ
ചരല്‍പ്പാതകള്‍
ഘനനീലവനങ്ങള്‍
നീലത്തടാകങ്ങള്‍
ഭീതി തന്‍
കോട്ടകൊത്തളങ്ങള്‍ !

എന്‍റെ കൃഷ്ണമണികളില്‍
നൃത്തം ചെയ്യും
നിന്‍റെ പ്രണയത്തില്‍
കന്യാ വനങ്ങള്‍

ഹാ ! ഇതാ ഞാന്‍
ഈ കല്ലറത്തണുപ്പിനു
മുകളില്‍
നിന്നെ
വിവസ്ത്രയാക്കുന്നു
നിന്‍റെ ജ്വലന സൌഭഗം
നിലാവു ചുരത്തും രാത്രി !

എന്നെ ഉലച്ചുകളയുന്ന
കാമന;നിന്നോടിണ ചേരുവാന്‍
ഞാന്‍ നിന്നിലെയ്ക്ക് വരുന്നു
വെളുത്തുള്ളിയുടെ
ഗന്ധം പരക്കും രാത്രിയില്‍
ചെന്നായ്ക്കളും
കടവാതിലുകളും
കാവല്‍ നില്‍ക്കെ
എന്‍റെ പ്രിയേ
മിനാ,
എന്റേത് മാത്രമാവുക!

No comments: