Wednesday, December 22, 2010

മണല്‍ കവിത


I
മരുഭൂമി

വിശപ്പിനു
ചുടുമണല്‍ തിന്നവന്‍
ചത്തു;
ചോരച്ചര്‍ദ്ദിച്ച്
II
റാസല്‍ ഖൈമ

ഒട്ടകപ്പക്ഷികള്‍
മണലില്‍ ഒളിപ്പിച്ച
മുട്ടകള്‍
വിശപ്പിനു വിറ്റുതിന്നു
കാവല്‍ക്കാരന്‍ ബംഗാളി

III
ഉം അല്‍ നാര്‍


ഒട്ടകങ്ങള്‍ക്കു
കുളമ്പ് ദീനം
മണലിനു ചൂടില്ല പോല്‍
മസരയിലിരുന്നവന്‍
രുചിക്ക്
വാരി കഞ്ഞിയിലിട്ടു
ഒരു പിടി ചുടു മണല്‍

IV
നാട്

നിന്റെ ആദ്യചുംബനം
ഇഷ്ടപ്പെട്ടവന്‍
മണല്‍ വാരിയെറിഞ്ഞു
നിന്‍റെ കല്ലറ മൂടി
പുത്തന്‍ രാഷ്ട്രീയം
വെറുത്ത നീ
കൈയില്‍ ഒരുപിടി മണല്‍ കരുതി
വോട്ടു ചോദിച്ചെത്തിയവര്‍
കണ്ണില്‍ മണലുമായി മടങ്ങി
V
ആഫ്രിക്ക

കാല്‍ച്ചുവട്ടില്‍ നിന്ന്
ഒലിച്ചു പോയ
മണല്‍ തേടി
പതാക താഴ്ത്തിക്കെട്ടി
മണല്‍ മുനമ്പ്‌ ചുറ്റി
വടക്ക് നോക്കിയില്ലാത്ത നാവികന്‍
VI
കടല്‍

മണല്‍ ക്കേറിക്കേറി
മുക്കുവന്റെ കടല്‍ വറ്റി
മണലില്‍ ഉറഞ്ഞുപോയ
കൊതുമ്പുവള്ളത്തിലിരിക്കുന്നു
മൂക്കുത്തിയില്ലാത്ത
മുക്കുവത്തി
VII
കായല്‍

മണലില്‍ കൊണ്ട് മുറിഞ്ഞു
മണല്‍ മാഫിയ മഴു
ഭൂമി മര്‍മം പിളര്‍ന്ന്,
മുനയൊടിഞ്ഞ മഴു
ചുവന്ന മണലായി
VIII
പ്രവാസി വീട്

മണല്ക്കാലത്ത്
തണുപ്പ് പുതക്കാന്‍
എനിക്കൊരു
കംബളം വാങ്ങണം
കണ്ണ് പൂഴ്ത്തി വക്കാന്‍ തരുമോ
കുറച്ചു മണല്‍ വെള്ളം
ദാഹ ശമനത്തിന്
പെട്രോള്‍ കുടിക്കാം
വില ചില ഫില്സ് മാത്രം !!

Saturday, November 20, 2010

ലയനം


നിറം കെട്ട നിന്‍റെ
പ്രഭാതത്തില്‍
ഹലോജെന്‍ വെളിച്ചം
ചിതയിലെ അവസാനത്തെ
അഗ്നിനാവും കടിച്ചു
പൊട്ടുന്ന നിന്‍റെ തുടയെല്ല്
കത്തിയോടുങ്ങാത്ത
നിന്‍റെ പേകിനാവിനു
ഇനിയാരെ പേടിക്കാന്‍
നിന്‍റെ ചിതാഭസ്മം
ഞങ്ങള്‍
ഈ മരുഭൂമി നടുവിലേക്ക്
കൊണ്ടുവരും
ഒട്ടകങ്ങളുടെ
പുറത്തു കയറി
മരുപ്പച്ച തേടുന്ന
കച്ചവട സംഘം
അത് തട്ടിതൂവും
ഒടുവില്‍ നീ
മണലുമായി ലയിക്കും

Thursday, November 18, 2010

ഐ ആന്‍ ആര്‍ 6000 അഥവാ വൃത്തികെട്ട ഒരു പ്രവാസക്കവിത



ഐ ആന്‍ ആര്‍ 6000 അഥവാ വൃത്തികെട്ട ഒരു പ്രവാസക്കവിത 
---------------------------------------

ഉദരം ഒരു ഉറിക്കലം
പോലെ വളര്‍ന്നിരിക്കുന്നു

വെയില്‍ തിന്നു വരണ്ട
നെറ്റിക്കൊരു ശമനത്തിന്
പനഡോള്‍.

ശബ്ദം കാതിനെ തിന്നുന്ന
ഒരു പഴഞ്ചന്‍ എ സി
തണുപ്പ് മൂളുന്നു

നീണ്ട ഓട്ടത്തിനൊടുവില്‍
ഈ നശിച്ച  നടുവേദന
ബാക്കിയാവുന്നു .

തിരികെയെത്തുമ്പോള്‍
പല്ലിളിച്ച് 
മുഷിഞ്ഞ തുണികള്‍
കറിക്കലം
കട്ടില്‍ കോണുകളില്‍ 
മൂട്ടച്ചോര 
പിന്നെ ഞാനെന്ന,
നാട് മറന്ന 
ഗര്‍ദഭം  !

ഒരു കുബ്ബൂസും
തൈരും പിന്നെ വെള്ളവും
കുഴച്ച് ഒരൂണ്;അങ്ങനെ 
ഒരു ദിനം കൊഴിയുകയാണ് 


അറിയാതെ നീ വീണുപോകുന്ന
നിദ്രയുടെ നദി
ഇത്രയൊക്കയേ ഉള്ളൂ
നിന്‍റെ ഈ പ്രവാസം
വലുതായൊന്നുമില്ല 

മുടങ്ങാതെ , 
നേര്‍ച്ച  പോലെ 
വെസ്റ്റേണ്‍ യൂണിയനില്‍
നാട്ടിലേയ്ക്ക് 
ഈ മാസാദിയിലും 
അയച്ചത് 
ഐ ആന്‍ ആര്‍ 6000

Tuesday, November 16, 2010

ലഹൈന


ലഹൈനാ,

നീ

ഐക്യനാടുകളിലൂടെ

ഒഴുകും

ശൈത്യ സുന്ദരി,

മേനിയില്‍

വെള്ളാരങ്കല്ലുകള്‍

ഒളിപ്പിച്ചു വച്ചവള്

‍വന്യമാം

കുസൃതി പുതച്ചവള്‍

നീ

എന്‍റെ പ്രിയ പുത്രി

Wednesday, October 6, 2010

വേട്ടക്കാരന്‍


വേട്ടക്കാരാ
നിന്‍റെ ആക്രോശം
ഒരിക്കലും എന്നിലെത്താതെ പോകുന്നു
എന്‍റെ കാതുകളില്‍ വീഴാതെ
നീ തലയറുത്ത മൃഗങ്ങളുടെ നിലവിളി
അവയുടെ തൊണ്ടയില്‍ കുരുങ്ങുന്നു
ഞാണ് ഏറ്റും മുന്‍പേ ഒടിഞ്ഞ നിന്‍റെ വില്ല്
നിന്നെ കൊഞ്ഞനം കുത്തുന്നു
എന്‍റെ തല തകര്‍ക്കാനുള്ള
നിന്‍റെ വ്യാമോഹത്തിന്റെ ഒരു കടല്‍ത്തിര
എന്‍റെ കരിബ്ബാറയില്‍ തട്ടി ഉടയുന്നത്
കണ്ട നിന്‍റെ കണ്ണില്‍ ഇപ്പോഴുള്ളത്
ഒരു നിസ്സഹായന്‍റെ,
ഇരയെ നഷ്ടപ്പെന്ട്ടവന്‍റെ
ദൈന്യം മാത്രമാണ്
എനിക്ക് അതിനോട് പുച്ഛവും

Sunday, August 22, 2010

ഉത്രാടപാച്ചിലില്ലാത്ത ഒരോണം !


ഉത്രാടപാച്ചിലില്ലാത്ത ഒരോണം
എന്നും ഓണമുള്ളവരുടെ കാര്യം വിട്ടേക്കുക

നാട് ഉണ്ണുന്ന ഓണം മറന്നേക്കുക
ഇനി മരുഭൂമി നടുവില്‍ ഒരു പൂക്കളം ആവാം
ഒരു വാഴ ഇലയ്ക്ക് നാല് ദിര്‍ഹം കൊടുത്ത ഞാന്‍
പുളിഇഞ്ചിയുടെ രുചി ആലോചിക്കുന്നു
തിരിച്ചു വന്ന ഞാന്‍, വാങ്ങിയ ഓണം

കോള്‍ഡ്‌ സ്ടോരേജിലേക്ക്
കുത്തി കയറ്റുന്നു
നാളെ കസ്റ്റമര്‍ മീറ്റില്‍ കുടിക്കാന്‍ വെള്ളം കരുതണം
വൈകി തിരിച്ചു വരുമ്പോള്‍ ഒരിലയില്‍ ഓണം വിളമ്പി
എന്‍റെ പ്രണയിനി ഭാര്യ എന്നെ കാത്തിരിക്കുന്നുണ്ടാകും

Friday, August 20, 2010

റേസ് കോഴ്സ്!


എന്നും മരുഭൂമിക്കു നടുവിലെ
ചുവപ്പുനാട കണ്ടാണ്‌ ഞാന്‍ വണ്ടി ഓടിക്കുന്നത്

ഒട്ടകങ്ങള്‍ മത്സരിച്ചോടുന്ന
റേസ് കോഴ്സ്!

ജീവിതത്തിന്‍റെ ഈ റേസ് കോഴ്സില്‍ ഞാനും
ഒരു കുതിച്ചോട്ടതിലാണ്
ദുബായ് മുതല്‍ അബുദാബി വരെയുള്ള ഈ
ഹൈ വേയിലൂടെ

ഞാന്‍ എന്ന മരുഭൂമിയിലെ കപ്പല്‍..