About Me

My photo

മലയാണ്മയോടാണ് അഭിനിവേശം. അതുകൊണ്ട് തന്നെ മലയാളത്തില്‍ ഒര് എം എ യും യു ജി സി യും തരപ്പെടുത്തി. വായന ഒരുപാട് ഇഷ്ടം. അവിടവിടെ ചിതറിക്കിടക്കുന്ന ചിന്തകള്‍ കോര്‍ത്തിണക്കി എന്തെകിലും കുത്തിക്കുറിക്കാന്‍ ഇഷ്ടം . അത് നാല് വരി കവിതയോ , ഒര് കുഞ്ഞു കഥയോ എന്ത് തന്നെയായാലും. ഉപജീവനത്തിനായി ഇപ്പോള്‍ ദുബൈയില്‍ ഒര് കനേഡിയന്‍ പവര്‍ ആന്‍ഡ്‌ എനെര്‍ജി കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭാര്യ ദീപ ചിറയില്‍ , ആലുവ യു സി കോളേജില്‍ മലയാളം ഭാഷാശാസ്ത്രം അധ്യാപിക . ഒര് മകന്‍ . ആര്‍തര്‍ വില്യം

Sunday, August 9, 2009

എലിമിനേഷന്‍ ഡേ !!


ഫെബ്രുവരി നാല്

അസഹ്യമായ

ചൂടിന്‍റെ നിരാശയും പേറി

അല്‍ഫലയും മനാമയും കയറിയിറങ്ങിയ

പൊതിക്കെട്ടുകളുമായി

പ്രവാസിഭാണ്ഡം മുറുക്കി

കൊച്ചിയില്‍ വന്നിറങ്ങുമ്പോള്‍

മഴ പെയ്യാത്ത എന്‍റെ നാട്,

ചിരിമുഖങ്ങളില്ലാത്ത എന്‍റെ വീട്,

കുട്ടിക്കാലം മരം കേറിക്കളിച്ച

ഒട്ടുമുക്കാലും ചിതല്‍ തിന്ന കശുമാവ്,

ഉണങ്ങിപ്പോയ എന്‍റെ പുഴ,

ഈ മണ്ണില്‍ എന്‍റെ ഗന്ധം തിരയുന്ന ഞാന്‍..


ഫെബ്രുവരി ഇരുപത്


മാള്‍ബോറോ കരിച്ച ചുണ്ടുമായി

അമ്മുമ്മയുടെ കല്ലറത്തണപ്പിനുമേല്‍

മുഖം ചേര്‍ത്തിരുന്ന നിര്‍വൃതിപുതച്ചു

ഒടുവില്‍

പ്രിയയുടെ കയ്യും പിടിച്ചു,

പൊള്ളുന്ന ഗള്‍ഫ്‌ എയര്‍ കൂലികൊടുത്ത്

ഷാര്‍ജയില്‍ വന്നിറങ്ങുബോള്‍

ഇന്ന് കലണ്ടര്‍ ഇരുപത്തിഒന്ന് കാണിക്കുന്നുനാളെയാണ് ഞാന്‍ ഒരുമാസമായികണ്ട ആ പേക്കിനാവ്


എലിമിനേഷന്‍ ഡേ !!

Tuesday, July 28, 2009

ഉത്തരാഞ്ചല്‍ !


ഇന്ന് ഞാന്‍ ഗംഗോത്രിയിലെ പ്രകാശ രേഖയെ

സ്വപ്നം കാണുന്നു

ഏഴു നിറങ്ങളില്‍ ഗംഗ കുത്തി വീഴുന്നു

കുലംകുത്തിയൊഴുകുന്ന ഭാഗീരഥി

യാക്കുകള്‍ മേയുന്ന ഈ ഉത്തരാഞ്ചലിന്‍റെ തീരം

ചിലങ്ക നാദത്താല്‍ മുഖരിതം

എന്‍റെ യാത്ര ഇന്ന് ഗോമുഖിലേക്കാണ്

പച്ച പുതച്ച വനം

മഞ്ഞു മൂടിയ വഴിത്താര

കാട്ടുപുല്‍തണ്ട് ചവച്ചു ഞാന്‍ മലകയറുന്നു

വെളുത്ത നന്മയുടെ സുഗന്ധത്തിലേക്ക്

എന്‍റെ കാലുകള്‍ നീളുന്നു

കണ്ണിനൊപ്പമെത്താത്ത എന്‍റെ മനസ്സ്

ഹൈമാവതത്തിന്‍റെ നിശബ്ദത കാണുന്നു

കണ്ണ് നിറഞ്ഞു

പാദം മുറിഞ്ഞു

തൃഷ്ണ വറ്റി

ദൈവമേ

ഞാന്‍

‍നിന്‍റെമടിയിലേക്ക്‌ വീഴുന്നു

Wednesday, June 17, 2009

നേട്ടം !


കണ്ണു കത്തുന്ന വെയില്‍

കുളിരിന്‍റെ നേര്‍ത്ത പാട പോലുമില്ലാത്ത

ഉഷ്ണത്തിന്‍റെ ഈ മരുഭൂമി

ഒട്ടകങ്ങളുടെ കപ്പലുകള്‍

ഈന്തപ്പന മേടുകള്‍

കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍

ഇതാ മധ്യപൌരസ്ത്യ ദേശം

ഭൂമിയിലെ എണ്ണ മുഴുവനും ഇവിടെ ഉഷ്ണമായ് പെയ്യുന്നു

ഹയാത്തിലെ* മഞ്ഞു കൂട്ടില്‍

കുട്ടികള്‍ ചക്രവേഗത്തിലോടുന്നു

കറുത്ത ഗലികളില്‍

രണ്ടുചക്രം വലിക്കുന്നവര്‍ ചുമച്ചു തുപ്പുന്ന

രക്തം കലര്‍ന്ന കഫം ഗള്‍ഫ് തീരങ്ങളില്‍ പാട കെട്ടുന്നു

എഴുപതു നിലകളുള്ള ടവര്‍ ക്രെയിനില്‍ നിന്ന് വീണ്

മരിക്കുന്ന നാല്പതുകാരന്‍

നാട്ടിലെ പുരനിറഞ്ഞ പെണ്ണിന്‍റെ

നൂറുപവന്‍ സ്വപ്നമുടയുന്നു

നാദ് അല്‍ ഷീബായില്‍** ഇന്ന് കുതിരയോട്ടമാണ്

ജാക്പോട്ടില്‍ കോടികള്‍ ഒഴുകുന്നു

വിദേശ സുന്ദരിക്ക് ചുണ്ടില്‍ കൂടുതല്‍ ചായം

ദിര്‍ഹം`* ചിതറി, മടികുത്തഴിയുമ്പോള്‍

മൈലുകള്‍ അകലെ അവളുടെ കുഞ്ഞ്

ഇന്ന് മാമോദീസ സ്വീകരിക്കുന്നു
------------------------------------------------------
* ദുബായിലെ പഞ്ച നക്ഷത്ര ഹോട്ടല്‍
** ദുബായിലെ കുതിരപന്തയം ഇവിടെ നടക്കുന്നു
`* ദുബായിലെ കറന്‍സി

Tuesday, June 16, 2009

രാത്രി,പകല്‍


രാത്രി

കാട്ടുചെമ്പകം പൂത്ത രാത്രി

പൂമണം പരക്കുന്ന തീരം

എന്‍റെയീ ഏകാന്ത സ്വപ്നത്തിലേക്ക്

നിന്‍റെ കളിയോടം അണയാത്തതെന്തു?

നിന്‍റെ ഗന്ധം എന്നിലെക്കൊഴുകാത്തതെന്തു?


പകല്‍

നിന്നെ സ്വപ്നം കാണുന്ന പകല്‍

വെളുത്ത ദേവിയായി വരുന്ന നീ

സ്നേഹത്തിന്‍റെ താഴ്വരകളില്‍ നിന്ന്

തേനും വയമ്പും കൊണ്ടുവരുന്ന നീ

എന്നെ സ്നേഹത്തിന്‍റെ സുഗന്ധം പുതച്ചു തലോടുന്ന നീ .....