Saturday, November 20, 2010

ലയനം


നിറം കെട്ട നിന്‍റെ
പ്രഭാതത്തില്‍
ഹലോജെന്‍ വെളിച്ചം
ചിതയിലെ അവസാനത്തെ
അഗ്നിനാവും കടിച്ചു
പൊട്ടുന്ന നിന്‍റെ തുടയെല്ല്
കത്തിയോടുങ്ങാത്ത
നിന്‍റെ പേകിനാവിനു
ഇനിയാരെ പേടിക്കാന്‍
നിന്‍റെ ചിതാഭസ്മം
ഞങ്ങള്‍
ഈ മരുഭൂമി നടുവിലേക്ക്
കൊണ്ടുവരും
ഒട്ടകങ്ങളുടെ
പുറത്തു കയറി
മരുപ്പച്ച തേടുന്ന
കച്ചവട സംഘം
അത് തട്ടിതൂവും
ഒടുവില്‍ നീ
മണലുമായി ലയിക്കും

Thursday, November 18, 2010

ഐ ആന്‍ ആര്‍ 6000 അഥവാ വൃത്തികെട്ട ഒരു പ്രവാസക്കവിത



ഐ ആന്‍ ആര്‍ 6000 അഥവാ വൃത്തികെട്ട ഒരു പ്രവാസക്കവിത 
---------------------------------------

ഉദരം ഒരു ഉറിക്കലം
പോലെ വളര്‍ന്നിരിക്കുന്നു

വെയില്‍ തിന്നു വരണ്ട
നെറ്റിക്കൊരു ശമനത്തിന്
പനഡോള്‍.

ശബ്ദം കാതിനെ തിന്നുന്ന
ഒരു പഴഞ്ചന്‍ എ സി
തണുപ്പ് മൂളുന്നു

നീണ്ട ഓട്ടത്തിനൊടുവില്‍
ഈ നശിച്ച  നടുവേദന
ബാക്കിയാവുന്നു .

തിരികെയെത്തുമ്പോള്‍
പല്ലിളിച്ച് 
മുഷിഞ്ഞ തുണികള്‍
കറിക്കലം
കട്ടില്‍ കോണുകളില്‍ 
മൂട്ടച്ചോര 
പിന്നെ ഞാനെന്ന,
നാട് മറന്ന 
ഗര്‍ദഭം  !

ഒരു കുബ്ബൂസും
തൈരും പിന്നെ വെള്ളവും
കുഴച്ച് ഒരൂണ്;അങ്ങനെ 
ഒരു ദിനം കൊഴിയുകയാണ് 


അറിയാതെ നീ വീണുപോകുന്ന
നിദ്രയുടെ നദി
ഇത്രയൊക്കയേ ഉള്ളൂ
നിന്‍റെ ഈ പ്രവാസം
വലുതായൊന്നുമില്ല 

മുടങ്ങാതെ , 
നേര്‍ച്ച  പോലെ 
വെസ്റ്റേണ്‍ യൂണിയനില്‍
നാട്ടിലേയ്ക്ക് 
ഈ മാസാദിയിലും 
അയച്ചത് 
ഐ ആന്‍ ആര്‍ 6000

Tuesday, November 16, 2010

ലഹൈന


ലഹൈനാ,

നീ

ഐക്യനാടുകളിലൂടെ

ഒഴുകും

ശൈത്യ സുന്ദരി,

മേനിയില്‍

വെള്ളാരങ്കല്ലുകള്‍

ഒളിപ്പിച്ചു വച്ചവള്

‍വന്യമാം

കുസൃതി പുതച്ചവള്‍

നീ

എന്‍റെ പ്രിയ പുത്രി

Wednesday, October 6, 2010

വേട്ടക്കാരന്‍


വേട്ടക്കാരാ
നിന്‍റെ ആക്രോശം
ഒരിക്കലും എന്നിലെത്താതെ പോകുന്നു
എന്‍റെ കാതുകളില്‍ വീഴാതെ
നീ തലയറുത്ത മൃഗങ്ങളുടെ നിലവിളി
അവയുടെ തൊണ്ടയില്‍ കുരുങ്ങുന്നു
ഞാണ് ഏറ്റും മുന്‍പേ ഒടിഞ്ഞ നിന്‍റെ വില്ല്
നിന്നെ കൊഞ്ഞനം കുത്തുന്നു
എന്‍റെ തല തകര്‍ക്കാനുള്ള
നിന്‍റെ വ്യാമോഹത്തിന്റെ ഒരു കടല്‍ത്തിര
എന്‍റെ കരിബ്ബാറയില്‍ തട്ടി ഉടയുന്നത്
കണ്ട നിന്‍റെ കണ്ണില്‍ ഇപ്പോഴുള്ളത്
ഒരു നിസ്സഹായന്‍റെ,
ഇരയെ നഷ്ടപ്പെന്ട്ടവന്‍റെ
ദൈന്യം മാത്രമാണ്
എനിക്ക് അതിനോട് പുച്ഛവും

Sunday, August 22, 2010

ഉത്രാടപാച്ചിലില്ലാത്ത ഒരോണം !


ഉത്രാടപാച്ചിലില്ലാത്ത ഒരോണം
എന്നും ഓണമുള്ളവരുടെ കാര്യം വിട്ടേക്കുക

നാട് ഉണ്ണുന്ന ഓണം മറന്നേക്കുക
ഇനി മരുഭൂമി നടുവില്‍ ഒരു പൂക്കളം ആവാം
ഒരു വാഴ ഇലയ്ക്ക് നാല് ദിര്‍ഹം കൊടുത്ത ഞാന്‍
പുളിഇഞ്ചിയുടെ രുചി ആലോചിക്കുന്നു
തിരിച്ചു വന്ന ഞാന്‍, വാങ്ങിയ ഓണം

കോള്‍ഡ്‌ സ്ടോരേജിലേക്ക്
കുത്തി കയറ്റുന്നു
നാളെ കസ്റ്റമര്‍ മീറ്റില്‍ കുടിക്കാന്‍ വെള്ളം കരുതണം
വൈകി തിരിച്ചു വരുമ്പോള്‍ ഒരിലയില്‍ ഓണം വിളമ്പി
എന്‍റെ പ്രണയിനി ഭാര്യ എന്നെ കാത്തിരിക്കുന്നുണ്ടാകും

Friday, August 20, 2010

റേസ് കോഴ്സ്!


എന്നും മരുഭൂമിക്കു നടുവിലെ
ചുവപ്പുനാട കണ്ടാണ്‌ ഞാന്‍ വണ്ടി ഓടിക്കുന്നത്

ഒട്ടകങ്ങള്‍ മത്സരിച്ചോടുന്ന
റേസ് കോഴ്സ്!

ജീവിതത്തിന്‍റെ ഈ റേസ് കോഴ്സില്‍ ഞാനും
ഒരു കുതിച്ചോട്ടതിലാണ്
ദുബായ് മുതല്‍ അബുദാബി വരെയുള്ള ഈ
ഹൈ വേയിലൂടെ

ഞാന്‍ എന്ന മരുഭൂമിയിലെ കപ്പല്‍..

Sunday, August 9, 2009

എലിമിനേഷന്‍ ഡേ !!


ഫെബ്രുവരി നാല്

അസഹ്യമായ

ചൂടിന്‍റെ നിരാശയും പേറി

അല്‍ഫലയും മനാമയും കയറിയിറങ്ങിയ

പൊതിക്കെട്ടുകളുമായി

പ്രവാസിഭാണ്ഡം മുറുക്കി

കൊച്ചിയില്‍ വന്നിറങ്ങുമ്പോള്‍

മഴ പെയ്യാത്ത എന്‍റെ നാട്,

ചിരിമുഖങ്ങളില്ലാത്ത എന്‍റെ വീട്,

കുട്ടിക്കാലം മരം കേറിക്കളിച്ച

ഒട്ടുമുക്കാലും ചിതല്‍ തിന്ന കശുമാവ്,

ഉണങ്ങിപ്പോയ എന്‍റെ പുഴ,

ഈ മണ്ണില്‍ എന്‍റെ ഗന്ധം തിരയുന്ന ഞാന്‍..


ഫെബ്രുവരി ഇരുപത്


മാള്‍ബോറോ കരിച്ച ചുണ്ടുമായി

അമ്മുമ്മയുടെ കല്ലറത്തണപ്പിനുമേല്‍

മുഖം ചേര്‍ത്തിരുന്ന നിര്‍വൃതിപുതച്ചു

ഒടുവില്‍

പ്രിയയുടെ കയ്യും പിടിച്ചു,

പൊള്ളുന്ന ഗള്‍ഫ്‌ എയര്‍ കൂലികൊടുത്ത്

ഷാര്‍ജയില്‍ വന്നിറങ്ങുബോള്‍

ഇന്ന് കലണ്ടര്‍ ഇരുപത്തിഒന്ന് കാണിക്കുന്നു



നാളെയാണ് ഞാന്‍ ഒരുമാസമായികണ്ട ആ പേക്കിനാവ്


എലിമിനേഷന്‍ ഡേ !!

Tuesday, July 28, 2009

ഉത്തരാഞ്ചല്‍ !


ഇന്ന് ഞാന്‍ ഗംഗോത്രിയിലെ പ്രകാശ രേഖയെ

സ്വപ്നം കാണുന്നു

ഏഴു നിറങ്ങളില്‍ ഗംഗ കുത്തി വീഴുന്നു

കുലംകുത്തിയൊഴുകുന്ന ഭാഗീരഥി

യാക്കുകള്‍ മേയുന്ന ഈ ഉത്തരാഞ്ചലിന്‍റെ തീരം

ചിലങ്ക നാദത്താല്‍ മുഖരിതം

എന്‍റെ യാത്ര ഇന്ന് ഗോമുഖിലേക്കാണ്

പച്ച പുതച്ച വനം

മഞ്ഞു മൂടിയ വഴിത്താര

കാട്ടുപുല്‍തണ്ട് ചവച്ചു ഞാന്‍ മലകയറുന്നു

വെളുത്ത നന്മയുടെ സുഗന്ധത്തിലേക്ക്

എന്‍റെ കാലുകള്‍ നീളുന്നു

കണ്ണിനൊപ്പമെത്താത്ത എന്‍റെ മനസ്സ്

ഹൈമാവതത്തിന്‍റെ നിശബ്ദത കാണുന്നു

കണ്ണ് നിറഞ്ഞു

പാദം മുറിഞ്ഞു

തൃഷ്ണ വറ്റി

ദൈവമേ

ഞാന്‍

‍നിന്‍റെമടിയിലേക്ക്‌ വീഴുന്നു

Wednesday, June 17, 2009

നേട്ടം !


കണ്ണു കത്തുന്ന വെയില്‍

കുളിരിന്‍റെ നേര്‍ത്ത പാട പോലുമില്ലാത്ത

ഉഷ്ണത്തിന്‍റെ ഈ മരുഭൂമി

ഒട്ടകങ്ങളുടെ കപ്പലുകള്‍

ഈന്തപ്പന മേടുകള്‍

കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍

ഇതാ മധ്യപൌരസ്ത്യ ദേശം

ഭൂമിയിലെ എണ്ണ മുഴുവനും ഇവിടെ ഉഷ്ണമായ് പെയ്യുന്നു

ഹയാത്തിലെ* മഞ്ഞു കൂട്ടില്‍

കുട്ടികള്‍ ചക്രവേഗത്തിലോടുന്നു

കറുത്ത ഗലികളില്‍

രണ്ടുചക്രം വലിക്കുന്നവര്‍ ചുമച്ചു തുപ്പുന്ന

രക്തം കലര്‍ന്ന കഫം ഗള്‍ഫ് തീരങ്ങളില്‍ പാട കെട്ടുന്നു

എഴുപതു നിലകളുള്ള ടവര്‍ ക്രെയിനില്‍ നിന്ന് വീണ്

മരിക്കുന്ന നാല്പതുകാരന്‍

നാട്ടിലെ പുരനിറഞ്ഞ പെണ്ണിന്‍റെ

നൂറുപവന്‍ സ്വപ്നമുടയുന്നു

നാദ് അല്‍ ഷീബായില്‍** ഇന്ന് കുതിരയോട്ടമാണ്

ജാക്പോട്ടില്‍ കോടികള്‍ ഒഴുകുന്നു

വിദേശ സുന്ദരിക്ക് ചുണ്ടില്‍ കൂടുതല്‍ ചായം

ദിര്‍ഹം`* ചിതറി, മടികുത്തഴിയുമ്പോള്‍

മൈലുകള്‍ അകലെ അവളുടെ കുഞ്ഞ്

ഇന്ന് മാമോദീസ സ്വീകരിക്കുന്നു
------------------------------------------------------
* ദുബായിലെ പഞ്ച നക്ഷത്ര ഹോട്ടല്‍
** ദുബായിലെ കുതിരപന്തയം ഇവിടെ നടക്കുന്നു
`* ദുബായിലെ കറന്‍സി

Tuesday, June 16, 2009

രാത്രി,പകല്‍


രാത്രി

കാട്ടുചെമ്പകം പൂത്ത രാത്രി

പൂമണം പരക്കുന്ന തീരം

എന്‍റെയീ ഏകാന്ത സ്വപ്നത്തിലേക്ക്

നിന്‍റെ കളിയോടം അണയാത്തതെന്തു?

നിന്‍റെ ഗന്ധം എന്നിലെക്കൊഴുകാത്തതെന്തു?


പകല്‍

നിന്നെ സ്വപ്നം കാണുന്ന പകല്‍

വെളുത്ത ദേവിയായി വരുന്ന നീ

സ്നേഹത്തിന്‍റെ താഴ്വരകളില്‍ നിന്ന്

തേനും വയമ്പും കൊണ്ടുവരുന്ന നീ

എന്നെ സ്നേഹത്തിന്‍റെ സുഗന്ധം പുതച്ചു തലോടുന്ന നീ .....

Friday, December 12, 2008

നിന്‍റെ വഴി !!!!



നിലാവില്‍


നീ വിടര്‍ന്ന തീരത്ത്


ഞാനിരിക്കുന്നു


ഈ പൊയ്കയിലേക്ക് നോക്കി


നിന്നെ കാത്തു കാത്ത്...




നിന്‍റെ മൃദു സ്വരത്തിന്കാതോര്‍ത്ത്‌...


നിന്‍റെ നീള്‍ കണ്‍വഴികളിലേക്ക്


നോക്കാന്‍ കൊതിച്ചു കൊതിച്ച്


ഏകാന്തതയുടെ ഈ വന്യത പുതച്ചു


ഞാന്‍ ഒടുവില്‍ ഉറങ്ങിപ്പോകുന്നു


നീ കയ്പിടിച്ചു നടത്തുന്ന


നിന്‍റെ വഴിയേതാവൊ?




ഞാന്‍ നിന്നെ പിന്തുടരുകയാണ് ...

Friday, November 28, 2008

ലാങ്ങ്ഴോ പൂപ്പോങ്ങ് !!




നിന്‍റെ ചുംബനം
എന്‍റെ ചുണ്ടുകളെ
നനയ്ക്കുന്ന
പുതുമഴ.
നാവിലൂടെ ഊര്‍ന്നു
കാല്‍നഖം വരെയും പെയ്യുന്ന
ഹിമശൈത്യം
രക്തം മരയ്ക്കുന്ന
സുഖപ്രവാഹത്തിന്‍റെ നദി
കണ്ണുകളെ നനുത്ത ചര്‍മത്താല്‍
പുതയ്ക്കുന്ന കമ്പളം
മൃദുലതയുടെ നനവ്
എന്‍റെ സ്നേഹത്തിന്‍റെ താഴ്വരയില്‍
പൂക്കുന്ന നീലാംബരി
ചുണ്ടുകളില്‍ രക്തം പടര്‍ത്തി
കള്ളിയങ്കാടിലെ
നീലിയാകുന്നു നീ
മുടിയുലര്‍ത്തി
എന്നില്‍ പടരുന്നു നീ
പിന്നെ നീ
ലാങ്ങ്ഴോ പൂപ്പോങ്ങ് ആകുന്നു

കുഞ്ഞുങ്ങളുടെ മാലാഖ !!

Saturday, November 22, 2008

സംഗീതം!!!


വൈകുന്നേരമായാല്‍


മുളംകാടിനുള്ളില്‍


‍പക്ഷികള്‍ വിരുന്നുവരും


നീലയും ഊതയും പീതവും കാണാവും


തമ്മില്‍ കൊക്കുരുമ്മുന്ന സംഗീതം


ചില്ലകള്‍ മാറി മാറി അവര്‍


ചിലച്ചുകൊണ്ടെയിരിക്കും


ഞാന്‍ ഇവിടെനിന്നു അനങ്ങിയിട്ടെയില്ല


ഞാന്‍ റേഡിയോ സംഗീതം കേള്‍ക്കുകയും


എസ്പരാന്‍സയുടെ പുണ്യവാളന്മാര്‍


‍വായിക്കുകയുമാണ് ഇന്ന്.

Wednesday, November 19, 2008

അധിവര്‍ഷമാസം!!

പുതുവര്‍ഷത്തിലെ

ആദ്യമാസത്തിലെ

അവസാനദിനം.

അധിവര്‍ഷമാസം.

എന്താണ് എനിക്ക് നഷ്ടപ്പെടുന്നത് ?

ഭ്രാന്ത് പിടിപ്പിക്കുന്ന ഉല്‍കണ്ടകളുടെ രക്തനദി

എന്‍റെ തലച്ചോറ് പിളര്‍ന്നൊഴുകുന്നു.

ലാവയൊഴുകിപ്പരക്കുന്നു കണ്ണുകളില്‍

ഒന്നുമില്ലാതെ കൊഴിയുന്ന ദിനങ്ങള്‍

എനിക്ക് ശ്വാസതടസ്സം ഉണ്ടാകുന്നു.

Monday, November 17, 2008

വെളിപാട് !!!

വീണ്ടും ഏകാന്തതയുടെ ലോകം.

ഈ ചുമരുകള്‍ക്ക് നടുവില്‍ തപിക്കുന്ന ഞാന്‍.

പുസ്തകങ്ങള്‍ മാത്രം കൂട്ടിനുള്ള ഞാന്‍.

ആയുസ്സിന്‍റെ പുസ്തകത്തിലെ വരികള്‍

എനിക്ക് വെളിപാടുണ്ടാക്കുകയും

ശരീരം തരിക്കുകയും ചെയ്തു.

കൊല്‍കൊത്തയിലെ വലിയ പള്ളിയും

പുരാതന ഗന്ധമുള്ള ബൈബിളും ഞാനും കണ്ടുവോ ?

Sunday, November 16, 2008

പേരില്ലാത്ത ഭയം !!!!

കറുത്ത ഒരു രാത്രി
തലവേദനയുടേത്
സൌര്യക്കെടുകള്‍
ഒന്നിന് പിറകെ ഒന്നായി വരുന്നു
ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍
ദുസ്സഹമായ ചൂടിന്‍റെ അന്തരീക്ഷം
നക്രങ്ങളാകുന്ന അകാരണ ഭയങ്ങള്‍
തെയ്യം കെട്ടിയാടുന്ന ഒരു നിലവിളി
തൊണ്ടയില്‍ കുരുങ്ങുന്ന എന്‍റെ ശബ്ദം
നിശബ്ദമായ ഒരു ബുധന്‍
ഞാന്‍ ഭ്രമണ പഥത്തില്‍ നിന്നു പുറത്തു പോകുന്നു
കണ്ണുകള്‍ കലങ്ങി ,
കാല്‍ തെറ്റി ഞാന്‍
വേദനയുടെ കുഴിമാടത്തിലേക്ക് വീഴുന്നു

Tuesday, October 14, 2008

ഓര്‍മ !!

ഈ തണുപ്പില്‍ പുതച്ചുറങ്ങുമ്പോള്‍

നിനക്കു നാടു ഓര്‍മ വരുന്നുവോ?

നമ്മള്‍ കൈകുടന്നയില്‍ കോരിയ

കോളാമ്പിപ്പൂക്കള്‍

പച്ച വിടര്‍ന്ന വഴിയോരങ്ങള്‍

നനുത്ത സന്ധ്യകള്‍

അമ്മയുടെ പിന്‍വിളി

കാതോര്‍ത്തിരുന്ന ഒരു കാലൊച്ച

നിന്‍റെ യൌവന തൃഷ്ണകള്‍... അങ്ങനെയങ്ങനെ

ഇപ്പോള്‍ ഈ മണല്‍കാറ്റടിക്കുന്ന ,

ഉച്ചവെയില്‍ പൊള്ളുന്ന ,

നഗരത്തിരക്കിനു നടുവിലൊറ്റപ്പെടുമ്പോള്‍

നിന്‍റെ ഈ പ്രിയതകള്‍ നിനക്കോര്‍മ വരുന്നുവോ

എങ്കില്‍ പറയുക...

നിന്‍റെ ഈ നൊമ്പരത്തിന് പേരെന്താണാവോ ???


‍

Tuesday, October 7, 2008

ദേവി സ്തുതി !!!!

നളിനാസന മുഖ,

നളിനങ്ങളിലൊരു കളിതേടീടിന

കള ഹംസീ ജയ..

നവ നളിന മനോഹര വദനെ ജയ ജയ...

ജയ ജയ...വെള്ല് വെള വിലസിന

ചന്ദ്രിക തന്നൊരു ഒളിമ കലര്‍ന്നു

വിളങ്ങിന ദേവി ...

തെളിവോടു വന്നിഹ മമ നാവിന്മേല്‍

വിളയാടീടുക..

വാഗ്യീശ്വരി ജയ..

തെളിവോടു വന്നിഹ മമ നാവിന്മേല്‍

വിളയാടീടുക..

വാഗ്യീശ്വരി ജയ..

അമ്മേ .. അമ്മേ... അമ്മേ.. അമ്മേ......