കണ്ണു കത്തുന്ന വെയില്‍
കുളിരിന്‍റെ നേര്‍ത്ത പാട പോലുമില്ലാത്ത
ഉഷ്ണത്തിന്‍റെ ഈ മരുഭൂമി
ഒട്ടകങ്ങളുടെ കപ്പലുകള്‍
ഈന്തപ്പന മേടുകള്‍
കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍
ഇതാ മധ്യപൌരസ്ത്യ ദേശം
ഭൂമിയിലെ എണ്ണ മുഴുവനും ഇവിടെ ഉഷ്ണമായ് പെയ്യുന്നു
ഹയാത്തിലെ* മഞ്ഞു കൂട്ടില്‍
കുട്ടികള്‍ ചക്രവേഗത്തിലോടുന്നു
കറുത്ത ഗലികളില്‍
രണ്ടുചക്രം വലിക്കുന്നവര്‍ ചുമച്ചു തുപ്പുന്ന
രക്തം കലര്‍ന്ന കഫം ഗള്‍ഫ് തീരങ്ങളില്‍ പാട കെട്ടുന്നു
എഴുപതു നിലകളുള്ള ടവര്‍ ക്രെയിനില്‍ നിന്ന് വീണ്
മരിക്കുന്ന നാല്പതുകാരന്‍
നാട്ടിലെ പുരനിറഞ്ഞ പെണ്ണിന്‍റെ
നൂറുപവന്‍ സ്വപ്നമുടയുന്നു
നാദ് അല്‍ ഷീബായില്‍** ഇന്ന് കുതിരയോട്ടമാണ്
ജാക്പോട്ടില്‍ കോടികള്‍ ഒഴുകുന്നു
വിദേശ സുന്ദരിക്ക് ചുണ്ടില്‍ കൂടുതല്‍ ചായം
ദിര്‍ഹം`* ചിതറി, മടികുത്തഴിയുമ്പോള്‍
മൈലുകള്‍ അകലെ അവളുടെ കുഞ്ഞ്
ഇന്ന് മാമോദീസ സ്വീകരിക്കുന്നു
------------------------------------------------------
* ദുബായിലെ പഞ്ച നക്ഷത്ര ഹോട്ടല്‍
** ദുബായിലെ കുതിരപന്തയം ഇവിടെ നടക്കുന്നു
`* ദുബായിലെ കറന്‍സി
1 comment:
സോണീ,വളരെ ഹൃദ്യം,ഈ മരുഭൂമിയുടെ സകല താപവും ഏറ്റു വാങ്ങിയ വരികൾ,അഭിനന്ദനങ്ങൾ.........
ഈ വേർഡ് വെരിഫികേഷൻ ഒഴിവാക്കിക്കൂടെ?
Post a Comment