Saturday, November 20, 2010

ലയനം


നിറം കെട്ട നിന്‍റെ
പ്രഭാതത്തില്‍
ഹലോജെന്‍ വെളിച്ചം
ചിതയിലെ അവസാനത്തെ
അഗ്നിനാവും കടിച്ചു
പൊട്ടുന്ന നിന്‍റെ തുടയെല്ല്
കത്തിയോടുങ്ങാത്ത
നിന്‍റെ പേകിനാവിനു
ഇനിയാരെ പേടിക്കാന്‍
നിന്‍റെ ചിതാഭസ്മം
ഞങ്ങള്‍
ഈ മരുഭൂമി നടുവിലേക്ക്
കൊണ്ടുവരും
ഒട്ടകങ്ങളുടെ
പുറത്തു കയറി
മരുപ്പച്ച തേടുന്ന
കച്ചവട സംഘം
അത് തട്ടിതൂവും
ഒടുവില്‍ നീ
മണലുമായി ലയിക്കും

Thursday, November 18, 2010

ഐ ആന്‍ ആര്‍ 6000 അഥവാ വൃത്തികെട്ട ഒരു പ്രവാസക്കവിത



ഐ ആന്‍ ആര്‍ 6000 അഥവാ വൃത്തികെട്ട ഒരു പ്രവാസക്കവിത 
---------------------------------------

ഉദരം ഒരു ഉറിക്കലം
പോലെ വളര്‍ന്നിരിക്കുന്നു

വെയില്‍ തിന്നു വരണ്ട
നെറ്റിക്കൊരു ശമനത്തിന്
പനഡോള്‍.

ശബ്ദം കാതിനെ തിന്നുന്ന
ഒരു പഴഞ്ചന്‍ എ സി
തണുപ്പ് മൂളുന്നു

നീണ്ട ഓട്ടത്തിനൊടുവില്‍
ഈ നശിച്ച  നടുവേദന
ബാക്കിയാവുന്നു .

തിരികെയെത്തുമ്പോള്‍
പല്ലിളിച്ച് 
മുഷിഞ്ഞ തുണികള്‍
കറിക്കലം
കട്ടില്‍ കോണുകളില്‍ 
മൂട്ടച്ചോര 
പിന്നെ ഞാനെന്ന,
നാട് മറന്ന 
ഗര്‍ദഭം  !

ഒരു കുബ്ബൂസും
തൈരും പിന്നെ വെള്ളവും
കുഴച്ച് ഒരൂണ്;അങ്ങനെ 
ഒരു ദിനം കൊഴിയുകയാണ് 


അറിയാതെ നീ വീണുപോകുന്ന
നിദ്രയുടെ നദി
ഇത്രയൊക്കയേ ഉള്ളൂ
നിന്‍റെ ഈ പ്രവാസം
വലുതായൊന്നുമില്ല 

മുടങ്ങാതെ , 
നേര്‍ച്ച  പോലെ 
വെസ്റ്റേണ്‍ യൂണിയനില്‍
നാട്ടിലേയ്ക്ക് 
ഈ മാസാദിയിലും 
അയച്ചത് 
ഐ ആന്‍ ആര്‍ 6000

Tuesday, November 16, 2010

ലഹൈന


ലഹൈനാ,

നീ

ഐക്യനാടുകളിലൂടെ

ഒഴുകും

ശൈത്യ സുന്ദരി,

മേനിയില്‍

വെള്ളാരങ്കല്ലുകള്‍

ഒളിപ്പിച്ചു വച്ചവള്

‍വന്യമാം

കുസൃതി പുതച്ചവള്‍

നീ

എന്‍റെ പ്രിയ പുത്രി